2010, ജൂൺ 18, വെള്ളിയാഴ്‌ച

ബാല്യകാല കുസൃതികള്‍

ചെറുപ്പം മുതലേ ഞാനൊരു വലിയ കുസൃതിക്കാരനാ. എന്‍റെ കുടുംബത്തിലെ ഏറ്റവും പേരുകേട്ട കുസൃതിക്കാരന്‍. എന്‍റെ കുസൃതികള്‍ക്ക് പാത്രമാവാന്‍ ഏറ്റവും “ഭാഗ്യം” ലഭിച്ചത് എന്‍റെ പെങ്ങള്‍ക്കും പിന്നെ എന്‍റെ കളിക്കൂട്ടുകാരിയായിരുന്ന അമിത എന്ന പെണ്‍കുട്ടിക്കുമാണ്. രണ്ടു പേരുടെയും ശരീരത്തില്‍ തീര്‍ത്താലും തീരാത്ത കടപ്പാടുപോലെ ഒരുപാട് 'പാടുകള്‍' ഞാന്‍ സംഭാവന ചെയ്തിട്ടുണ്ട്. ചെറുപ്പം മുതലേ എന്‍റെ കുസൃതികള്‍ കൊണ്ട് വശം കെട്ട എന്‍റെ ഉമ്മ ഇടക്കിടക്ക് എന്നെ പേടിപ്പിക്കാന്‍ വേണ്ടി പറയുമായിരുന്നു ഇനി കുറുമ്പ് കാണിച്ചാല്‍ ചട്ടകം തീയിലിട്ടു പഴുപ്പിച്ചു പൊള്ളിക്കുമെന്നു. എന്നെ പേടിപ്പിക്കാന്‍ വേണ്ടി ഉമ്മ പറയുന്നത് ആയതിനാല്‍ അത് വരെ ഉമ്മ അത് പ്രാക്ടിക്കല്‍ ആയി ചെയ്തിരുന്നില്ല. ഒരിക്കല്‍ ഉമ്മാടെ ഈ "ചട്ടക തിയറി" ഞാന്‍ പ്രാക്ടിക്കല്‍ ആയി പരീക്ഷിക്കാന്‍ തന്നെ തീരുമാനിച്ചു. അതിനു ഞാന്‍ കണ്ടെത്തിയ പരീക്ഷണ വസ്തു പാവം എന്‍റെ പെങ്ങളായിരുന്നു.

ഒരിക്കല്‍ അവള്‍ പഠിച്ചുകൊണ്ടിരിക്കുന്ന സമയത്ത്, ഞാന്‍ അടുക്കളയില്‍ പോയി ഒരു ചട്ടകമെടുത്ത് അടുപ്പിലെ തീയില്‍ നല്ലവണ്ണം ചൂടാക്കി, മിണ്ടാതെ പിന്നിലൂടെ ചെന്നു അവളുടെ കയ് തുടയില്‍ കൊണ്ടുവച്ചു. ഓര്‍ക്കാപ്പുറത്തുണ്ടായ അറ്റാക്കിങ്ങില്‍‍ അവള്‍ വാവിട്ടു കരഞ്ഞു. ഇതു കേട്ട് ഓടിവന്ന ഉമ്മ കണ്ടതു എംഇഎസ് സെന്‍ററില്‍ പെട്ടികട നടത്തുന്ന രാജേട്ടന്‍ ഓംപ്ലൈറ്റ്‌ മറിച്ചിടാന്‍ നില്ക്കുന്ന പോസില്‍ ചട്ടകവും പിടിച്ചു നില്ക്കുന്ന എന്നെയാണ്. കലി പൂണ്ട ഉമ്മ ആ ചൂടു ചട്ടകം എന്‍റെ കയ്യില്‍ നിന്നും വാങ്ങിച്ച്, അതുവരെ ഉമ്മ പ്രാക്ടിക്കല്‍ ആയി ചെയ്തിട്ടില്ലാത്ത ആ കര്‍മ്മം വളരെ ഭംഗിയായി നിര്‍വഹിച്ചു. എന്‍റെ പെങ്ങളുടെ കയില്‍ പൊള്ളിച്ച അതെ പൊസിഷനിലും അതെ ഡപ്ത്തിലും എന്‍റെ കയ്യിലും ഉമ്മ പൊള്ളിച്ചു.

മനുഷ്യരെ മാത്രമല്ല, എന്നെ കൊണ്ടാവുന്നവിധം മറ്റു ജീവജാലങ്ങളെയും ഉപദ്രവിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ ഞങ്ങളുടെ തൊഴുത്തിന്‍റെ ഒരു ഒഴിഞ്ഞ മൂലയില്‍ ഒരു പൂച്ച പ്രസവിച്ചു കിടന്നിരുന്നു. ഒരു ദിവസം ഞാന്‍ അമ്മ പൂച്ച പുറത്ത്‌ പോയ തക്കം നോക്കി, ബേബി പൂച്ചയെ നീളമുള്ള ഒരു കയറില്‍ കുരുക്കിട്ട് അതില്‍ ആ ബേബിയുടെ തല കുരുക്കി എടുത്തു. എന്നിട്ട് ആ കയറില്‍ ആ ബേബിയെ തൂക്കിപിടിച്ച് നേരെ ഞങ്ങളുടെ വീടിന്‍റെ വളരെ അടുത്തു തന്നെ ഉള്ള പുഴയുടെ കരയില്‍ ചെന്നുനിന്നു ഈ പൂച്ചകുട്ടിയെ വെള്ളത്തില്‍ മുക്കുകയും പൊക്കുകയും ചെയ്തുകൊണ്ടിരുന്നു. അങ്ങിനെ ഇഞ്ചിഞ്ചായി ആ പൂച്ചകുട്ടിയെ കൊന്നുകളഞ്ഞ ദുഷ്ടനും നീജനുമാണ് ഞാന്‍.

അത് പോലെ തന്നെ ഞാന്‍ തന്നെ വളര്‍ത്തിയിരുന്ന ഡപ്പി മീനുകളെ പിടിച്ച്, അതിന്‍റെ ബുദ്ധിക്കും ശക്തിക്കും ഉണര്‍വ് കൊടുക്കുന്നതിനു വേണ്ടി ബൂസ്റ്റ്‌ കലര്‍ത്തിയ വെള്ളം എടുത്തു മീനുകള്‍ക്ക് ഇന്‍ജക്ഷന്‍ ചെയ്തു. എന്നിലെ നഴ്സിങ്ങിന്‍റെ പരിജയക്കുറവുകൊണ്ടാകാം ഇന്‍ജക്ഷന്‍ ചെയ്ത ഉടന്‍ തന്നെ ബുദ്ധിയുടെയും ശക്തിയുടെയും അതിപ്രസരണം മൂലം മീനുകള്‍ വരിവരിയായി ചത്ത്‌ കിടന്നിരുന്നു.

ഇതെല്ലാം എന്‍റെ കുസൃതികളിലെ ചെറിയ ഒരു ഏട് മാത്രം. അവസാനമായി ഒരു സംഭവം കൂടി ഞാനിവിടെ കുറിക്കട്ടെ. ഒരിക്കല്‍ എവിടെനിന്നോ എനിക്കൊരു വലിയ ഗുണ്ട് പടക്കം കിട്ടി.ആശിച്ചു മോഹിച്ചു ഒരു സ്ഫോടകവസ്തു കിട്ടിയ തീവ്രവാദിയുടെ സന്തോഷത്തോടെ ആ ഗുണ്ടും കൊണ്ട് ഞാന്‍ എന്‍റെ വീട്ടിലേക്കോടി. നേരെ പോയത് അടുക്കളയിലേക്ക്. അടുക്കളയില്‍ അടുപ്പത്ത് ഒരു ചട്ടിയില്‍ മീന്‍കറി കിടന്നു വേവുന്നുണ്ട്. ഞാന്‍ വളരെ നിഷ്കളങ്ക മനസോടെ ആ ഗുണ്ട് കയ്യോടെ കൊണ്ട് ആ അടുപ്പില്‍ ഇട്ടു. പിന്നത്തെ കാര്യം പറയാനുണ്ടോ. അടുക്കളയില്‍ ചിതറിക്കിടന്നിരുന്ന പകുതി വെന്ത മീന്‍കൂട്ടാന്‍റെ ആ ഗന്ധവും പിന്നെ എന്‍റെ ചെവിയില്‍ മണിക്കൂറുകളോളം മുഴങ്ങിയിരുന്ന ആ മൂളലും എനിക്കൊരിക്കലും മറക്കാന്‍ കഴിയില്ല.